സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Thursday, November 18, 2010

ജീവിതം കർമ്മനിരതമാക്കിയ ചേരങ്കൈ അബൂബക്കർ മുസ്ലിയാർ


പണ്ഡിതമരണം ലോകത്തിന്റെ മരണമാണെന്നാണല്ലോ ആപ്തവാക്യം. വാക്കുകൊണ്ടും പെരുമാറ്റം കൊണ്ടും ജനങ്ങളെ നന്മയിലേക്ക്‌ ആകർഷിപ്പിച്ച വ്യക്തിത്വമാണ്‌ കഴിഞ്ഞയാഴ്ച നിര്യാതനായ അൽഹാജ്‌ അബൂബക്കർ മുസ്ലിയാർ ചേരങ്കൈ. വിജ്ഞാനം നുകരുന്നതിലും പകർന്ന്‌ കൊടുക്കുന്നതിലും അതീവ താത്പര്യം കാണിക്കുകയും പണ്ഡിതന്മാരോടും സാദാത്തീങ്ങളോടും വലിയ ആദരവ്‌ പുലർത്തുകയും ഭക്തിയിലും വിനയത്തിലും ജീവിതം ധന്യമാക്കുകയും ചെയ്ത അബൂബക്കർ മുസ്ലിയാരുടെ വിയോഗം സമുദായത്തിന്‌ വലിയ സനഷ്ടമാണ്‌.

സമയനിഷ്ഠ, അച്ചടക്കം, കാര്യബോധം എന്നീ കാര്യങ്ങളിൽ അദ്ദേഹം വളരെയധികം കണിശത പുലർത്തിയിരുന്നു. മയ്യിത്ത്‌ സംസ്കരണത്തിൽ തുടക്കം മുതൽ അവസാനം വരെ പങ്കെടുത്താൽ ലഭിക്കുന്ന പുണ്യം എടുത്തുപറയുകയും വ്യക്തിജീവിതത്തിൽ കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ദീനിവിഷയങ്ങളിൽ പ്രായം പരിഗണിക്കാതെ ഒരു യുവാവിന്റെ പ്രസരിപ്പോടെ പ്രവർത്തിച്ച്‌ മാതൃകാജീവിതം നയിച്ച ആളായിരുന്നു അദ്ദേഹം. എല്ലാവർക്കും സനേഹം ചൊരിഞ്ഞ ഉസ്താദിന്റെ മരണവാർത്തയറിഞ്ഞ്‌ ഒരുനോക്ക്‌ കാണാൻ തടിച്ചുകൂടിയത്‌ ആയിരങ്ങളായിരുന്നു. കൂടുതൽ സമയവും പള്ളിയിൽ ചെലവഴിച്ച്‌ ഇഅ്തികാഫിലും പരിശുദ്ധ ഖുർആൻ പാരായണത്തിലുമായിരുന്നു ആ ജീവിതം. പള്ളിയിൽ നടക്കുന്ന ജമാഅത്ത്‌ നഷ്ടപ്പെടുത്താതെ തക്ബീറത്തുൽ ഇഹ്‌റാമിന്റെ പവിത്രത കരഗതമാക്കാൻ ശ്രദ്ധിക്കുകയും മക്കളെ ഈ ചിട്ടയിൽ തന്നെ കൊണ്ടുവരാൻ പ്രയത്നിക്കുകയും ചെയ്തിരുന്നു. കുടുംബബന്ധം പുലർത്തുന്നതിലും അദ്ദേഹത്തിനുണ്ടായ മതിപ്പ്‌ വേറിട്ട അനുഭവമാണ്‌.

വാക്കുകൊണേ‍്ടാ പ്രവൃത്തികൊണേ്ടാ ആരെയും വെറുപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാതെ പ്രസന്നതയുള്ള മുഖത്തോടെ, എല്ലാവരെയും സമീപിക്കുകയും പുഞ്ചിരിയും സൗമ്യതയും കൊണ്ട്‌ ജനഹൃദയങ്ങൾ കീഴടക്കിയ അദ്ദഹം പേരും പ്രശസ്തിയും ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കഴിഞ്ഞ തലമുറയിലെ അറിയപ്പെട്ട പണ്ഡിതനായ അബ്ദുൽ ഖാദർ മുസ്ലിയാരുടെയും ഉമ്മു സലമയുടെയും മകനായി ചേരങ്കൈയിലാണ്‌ ജനിച്ചതും വളർന്നതും. മർഹൂം മുഹ്‌യിദ്ദേ‍ീൻ മുസ്ലിയാർ ജ്യേഷ്ഠനും സി എച്ച്‌ അബ്ദുറഹ്മാൻ മുസ്ലിയാർ, മർഹൂം അഹ്മദ്‌ മുസ്ലിയാർ, മർഹൂം മുഹമ്മദ്‌ അലി മുസ്ലിയാർ എന്നിവർ അനുജന്മാരുമായ അദ്ദേഹത്തിന്റേത്‌ പണ്ഡിതകുടുംബമാണ്‌. ഇവരൊന്നും ബിരുദധാരികളെല്ലെങ്കിലും കർമ്മശാസ്ത്രത്തിലും മറ്റു വിജ്ഞാനങ്ങളിലും വലിയ പാണ്ഡിത്യവും ഏതു മസ്‌അലയും അനായാസം പറയാൻ കെൽപുള്ളവരുമായിരുന്നു. മകൻ ഹംസ അഫ്സൽ സഅദിയും മരുമകൻ മുഹ്‌യിദ്ദേ‍ീൻ സഅദിയും അറിയപ്പെടുന്ന പണ്ഡിതന്മാരാണ്‌.

പണ്ഡിതനാകട്ടെ, പാമരനാകട്ടെ, മുതലാളിയാകട്ടെ, തൊഴിലാളിയാകട്ടെ തെറ്റുകണ്ടാൽ തിരുത്തി പരിഹാരം നിർദ്ദേശിക്കുന്നതിൽ ഒരു അമാന്തവും കാണിച്ചില്ല. തായലങ്ങാടി ഖിളർ ജുമാ മസ്ജിദിൽ നീണ്ട 12 വർഷത്തോളം ഖത്തീബായി സേവനം അനുഷ്ഠിച്ചതിനുശേഷം അടുക്കത്ത്ബയൽ, നീർച്ചാൽ, ചളിയങ്കോട്‌, മേനങ്കോട്‌, കുണ്ടാർ, നാരമ്പാടി, കാനക്കോട്‌, ജാൽസൂർ തുടങ്ങിയ പള്ളികളിൽ ഖത്തീബായി സേവനം തുടരുകയും ഇടവേളക്കുശേഷം തന്റെ വസതിക്കടുത്ത കടപ്പുറം ഖിളർ മസ്ജിദിൽ ഇമാമും മുഅല്ലിമുമായി ദീനിപ്രവർത്തനത്തിൽ മുഴുകിയിരുന്നു. പഴയകാലത്ത്‌ ഹിസ്ബുൽ ഖുർആൻ ബിരുദം നേടിയ അപൂർവം ചിലരിൽ ഒരാളാണ്‌ അബൂബക്കർ മുസ്ലിയാർ. തളങ്കര ജുമുഅത്ത്‌ പള്ളിയിൽ ദീർഘകാലം ഖാസിയായി സേവനം ചെയ്ത അവറാൻ മുസ്ലിയാർ വെളിമുക്ക്‌, മംഗലാപുരം അഷരിയ്യയിൽ മുദരീസായിരുന്ന അബ്ദുല്ല മുസ്ലിയാർ കുറ്റിപ്പുറം തുടങ്ങിയവർ അബൂബക്കർ മുസ്ലിയാരുടെ ഗുരുവര്യന്മാരാണ്‌.

അല്ലാഹു അദ്ദേഹത്തിന്‌ മഗ്ഫിറത്തും മർഹമത്തും നൽകുകയും അദ്ദേഹത്തോടൊപ്പം സ്വർഗീയ പൂങ്കാവനത്തിൽ നമ്മെയും ഒരുമിപ്പിക്കുകയും ചെയ്യട്ടെ.... (ആമീൻ).

16/11/2010

ബഷീർ പുളിക്കൂർ


No comments:

Post a Comment