സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, January 22, 2012

എ.എം കുഞ്ഞബ്ദുല്ല മുസലിയാര്‍ ആലമ്പാടി അന്തരിച്ചു

കാഞ്ഞങ്ങാട്: ആറു പതിറ്റാണ്ടുകാലം ജില്ലയുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പുത്തിഗെ മുഹിമ്മാത്ത് ശരീഅത്ത് കോളേജ് സദര്‍ മുദരിസുമായ എ.എം കുഞ്ഞബ്ദുല്ല മുസലിയാര്‍ ആലമ്പാടി (73) അന്തരിച്ചു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉസ്താദിനെ പുലര്‍ച്ചെ നില ഗിരുതരമായതിനെത്തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ട് പോവുകയായിരുന്നു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിയില്‍ കിടത്തിയിരിക്കുന്ന ഉസ്താദിന്റെ ജനാസ കാണാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് 5 മണിയോടെ ഖബറടക്കം നടക്കും. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച എ.എം അബ്ദുല്ല മുസ്ലിയാര്‍ കാസര്‍കോട് ആലമ്പാടിയില്‍ നാല് പതിറ്റാണ്ടിലേറെ നീണ്ട മുദരിസ് സേവനമാണ് ആലമ്പാടി ഉസ്താദ് എന്ന എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. നാല് വര്‍ഷം മുമ്പ് മുഹിമ്മാത്തില്‍ പ്രധാന ഉസ്താദായി വന്നതോടെ മുഴുസമയം സ്ഥാപന പ്രവര്‍ത്തകനായി മാറുകയായിരുന്നു.

കര്‍ണാടക കുടകില്‍ ജനിച്ച എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ മഞ്ഞനാടി സി.പി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ മകളെ കല്യാണം കഴിച്ച് കാഞ്ഞങ്ങാട് താമസം തുടങ്ങിയതോടെ കാസര്‍കോടിന്റെ ഭാഗമായി മാറുകയായിരുന്നു.

ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുറഹ്മാന്‍ സഖാഫി, ഹുസൈന്‍ മുസ്ലിയാര്‍, ഉമര്‍ സഅദി, അബ്ദുല്‍ ഖാദിര്‍, ആയിശ, മരുമക്കള്‍, ഇബ്രാഹീം മുസ്ലിയാര്‍ കര്‍ണാടക, സി.പി ആമിന, സുഹ്‌റ, ഫൗസിയ്യ. ഭാര്യാ പിതാവും ആത്മീയ നായകനുമായ മഞ്ഞനാടി ഉസ്താദ് ദിവസങ്ങള്‍ക്കു മുമ്പാണ് മരണപ്പെട്ടത്.

ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പള്ളികള്‍ക്കും വീടുകള്‍ക്കും സ്ഥലം നിര്‍ണയിക്കുന്നതിനും കുറ്റിയടിക്കുന്നതിനും എല്ലാവരും ഉസ്താദിനെയാണ് ആശ്രയിച്ചിരുന്നത്.

ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, മള്ഹര്‍, അല്‍ മദീന, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു
 
 

No comments:

Post a Comment