സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Sunday, July 24, 2011

അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിട

തേഞ്ഞിപ്പലം: കണ്ണീരും അടക്കി പിടിച്ച തേങ്ങലും മേലാപ്പിട്ട പണി തീരാത്ത വീടിനുള്ളില്‍ അവര്‍ ചലനമറ്റു കിടന്നു. വീടിന്റെ നെടുംതൂണുകളായ മൂന്ന് പേരുടെയും അതിനകത്ത് ഓടി കളിക്കേണ്ട പൊന്നോമനയുടെയും  വെള്ളയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ കാണാനാവാതെ ആയിരങ്ങള്‍ തളര്‍ന്നു നിന്നു. വെള്ളിയാഴ്ച കൊണ്ടോട്ടി കൊട്ടപ്പുറം പാണ്ട്യാട്ടുപുറം അപകടത്തില്‍ മരിച്ച ചേലേമ്പ്ര പനയപ്പുറം കുറ്റിയില്‍അരു കാട്ടിപ്പരുത്തി പൂക്കാട്ട് കിളിയങ്ങാട്ട് സെയ്താലി (70), മക്കളായ അബൂബക്കര്‍ (34), ബഷീര്‍ (29), ബഷീറിന്റെ മകന്‍ മുനവ്വിര്‍ സാദിഖ് (ഒമ്പത്) എന്നിവര്‍ക്ക് നാടൊഴുകിയെത്തി വിടചൊല്ലി.ഇവര്‍ക്കൊപ്പം മരിച്ച സെയ്താലിയുടെ മകളുടെ മരുമകന്‍ കക്കോവ് കോട്ടുപാടം അമ്പായത്തിങ്ങല്‍ നൗഫലിന്റെ മൃതദേഹം കക്കോവ് ജുമാമസ്ജിദിലും ഖബറടക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങള്‍ നാല് ആംബുലന്‍സുകളിലായി പനയപ്പുറത്തെ അബൂബക്കറിന്റെ വീട്ടിലെത്തിച്ചത്. നാല് മൃതദേഹങ്ങള്‍ ഒന്നിച്ച് കിടത്തിയപ്പോള്‍ ഒരു നാട് മുഴുവന്‍ തേങ്ങി.സ്ത്രീകള്‍ക്ക് മാത്രമായിട്ടായിരുന്നു വീട്ടില്‍ മയ്യിത്ത് കാണിച്ചത്. മൂന്നരയോടെ പനയപ്പുറം മഅ്ദിനുല്‍ ഹുദാ മദ്‌റസയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ ഒരുമണിക്കൂറിന് ശേഷം തൊട്ടടുത്ത ജുമാമസ്ജിദിലെത്തിച്ചു. മേല്‍മുറി മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്രാഹിം ഖലീല്‍ ബുഖാരി മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. നാല് പേര്‍ക്കും അടുത്തടുത്തായി ഒരുക്കിയ ഖബറുകളില്‍ അന്ത്യവിശ്രമമൊരുക്കി മടങ്ങിയപ്പോഴും ദുരന്തത്തിന്റെ ആഘാതം നാട്ടുകാരുടെ മുഖങ്ങളില്‍ നിറഞ്ഞുനിന്നു. മൂന്നരയോടെ വീട്ടിലെത്തിച്ച നൗഫലിന്റെ മയ്യിത്ത് കക്കോവ് ജുമാമസ്ജിദിലെ നമസ്‌കാരത്തിന് ശേഷം നാലരയോടെ ഖബറടക്കി.വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്.  അപകടത്തില്‍ പരിക്കേറ്റ് ബഷീറിന്റെ ഭാര്യ മൈമൂന, മക്കളായ സാബിത്ത്, മുബശിര്‍, നൗഫലിന്റെ ഭാര്യ ആയിശാബി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

by  mtech solution

No comments:

Post a Comment