സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Friday, September 3, 2010

വിനയം വസ്ത്രമാക്കിയ പണ്ഡിത ജ്യോതിസ്‌; സി.കെ. മുഹമ്മദ്‌ ബാഖവി


സി.കെ. മുഹമ്മദ്‌ ബാഖവി ഖലീൽ തങ്ങളോടോപ്പം


മലപ്പുറം: സമസ്ത ജില്ലാസെക്രട്ടറിയും സ്വലാത്ത്‌ നഗർ ഖാസിയുമായ സി കെ മുഹമ്മദ്‌ ബാഖവിയുടെ മരണത്തോടെ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിലെ പ്രധാനിയെയാണ്‌ നഷ്ടപ്പെട്ടത്‌. ആഴത്തിലുള്ള അറിവും അതിൽ നിന്ന്‌ പ്രചോദിതമായ വിനയവും അദ്ദേഹത്തെ അതുല്ല്യനാക്കി. സി കെ ഉസ്താദ്‌ എന്ന പേരിലറിയപ്പെട്ട അദ്ദേഹത്തിന്‌ അഞ്ഞൂറിലധികം ശിഷ്യന്മാരുണ്ട്‌. ഇതിൽ അറുപതോളം പേർ പ്രഗത്ഭ മുദരിസുമാരാണ്‌. തന്റെ ശിഷ്യന്മാരാണ്‌ തനിക്കുള്ള ഏറ്റവും വലിയ സമ്പാദ്യമെന്ന്‌ അദ്ദേഹം തന്നെ പലപ്പോഴും പറയാറുണ്ട്‌. ഗുരുവര്യന്മാരുടെ പ്രിയപ്പെട്ട ശിഷ്യൻ കൂടിയായിരുന്നു അദ്ദേഹം. പ്രധാന ഉസ്താദായ അബ്ദുസ്സമദ്‌ ബൈത്താനിയുമായി വല്ലാത്ത അടുപ്പമാണ്‌ അദ്ദേഹം പുലർത്തിയിരുന്നത്‌. 1954ൽ ഇന്നത്തെ സ്വലാത്ത്‌ നഗറായ മേൽമുറി മുട്ടിപ്പടിയിലാണ്‌ ജനനം. അഞ്ചാം വയസ്സിൽ ഓത്തിനിരുത്തി. തന്റെ പിതാവിന്റെകൂടി ഉസ്താദായ കുട്ട്യാലി മൊല്ലയിൽ നിന്നാണ്‌ അറിവിന്റെ ആദ്യാക്ഷരം പകർന്നത്‌. പതിനൊന്നാം വയസ്സിൽ, ആലത്തൂർ പടിയിൽ പ്രശസ്ത പണ്ഡിതൻ അബ്ദുർറഹ്മാൻ ഫൾഫരി, അബ്ദുസ്സമദ്‌ ബൈത്താനി എന്നിവരുടെ കീഴിൽ ദർസ്‌ പഠനം തുടങ്ങി. മഞ്ചേരിക്കടുത്ത കിടങ്ങഴിയിലെ പഠന ശേഷം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക്‌. 1978ൽ റാങ്കോടെ ബാഖവി ബിരുദം. അരപ്പതിറ്റാണ്ടിലധികം ഓതിപ്പഠിച്ച ആൽപ്പറ്റകുളമ്പിൽ തന്നെ മുദരിസായി പ്രഥമ നിയമനം. എസ്‌ എസ്‌ എഫ്‌ അധ്യക്ഷൻ സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, അബ്ദുല്ല സഅദി ഫൾഫരി, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, മുഹമ്മദലി സഖാഫി മുട്ടിപ്പാലം, കബീർ ബാഖവി പെരിന്താറ്റിരി, അഷ്‌റഫ്‌ ബാഖവി അയിരൂർ, ഇബ്‌റാഹീം ബാഖവി മേൽമുറി തുടങ്ങിയ വലിയൊരു ശിഷ്യനിര തന്നെയുണ്ട്‌ ഉസ്താദിന്‌. ലക്ഷണമൊത്ത ഗുരുവും സംഘാടകനും ദീനീ പ്രവർത്തന ഗോദയിലെ പക്വതയാർന്ന നേതാവുമായിരുന്നു അദ്ദേഹം. മരിക്കുമ്പോൾ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനവും സ്വലാത്ത്‌ നഗർ ഖാളി, മഅ​‍്ദിൻ ഉപാധ്യക്ഷൻ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന സി കെ ഉസ്താദ്‌ എല്ലാവർക്കും പ്രിയപ്പെട്ട കൂട്ടുകാരൻ കൂടിയായിരുന്നു. കാൽ നൂറ്റാണ്ടു മുമ്പ്‌ ഖലീലുൽ ബുഖാരി തങ്ങൾ മേൽമുറിയിലെത്തുന്നതിനു മുമ്പെ മഹാനവർകളുമായി ബന്ധമുണ്ടായിരുന്നു. പിന്നീട്‌ മുട്ടിപ്പടിയെന്ന കുഗ്രാമം സ്വലാത്ത്‌ നഗറിന്റെ ആത്മീയ വിശാലതയിലേക്കുയർന്നപ്പോൾ സി.കെ ഉസ്താദ്‌ അതിന്റെ മുൻനിരയിൽ നിന്നു നേതൃത്വം നൽകി. ഇന്ന്‌, സ്വലാത്ത്‌ നഗർ ഖബർസ്ഥാനിലെ ആറടി മണ്ണിലേക്കെടുക്കുമ്പോൾ ലക്ഷക്കണക്കിനു പ്രിയപ്പെട്ടവരുടെ പ്രാർഥനയും തേട്ടവും ഉസ്താദിനൊപ്പമുണ്ട്‌.

02/09/2010
P K U Naeemi Vellila

No comments:

Post a Comment