മലപ്പുറം: പ്രസ്ഥാന വഴിയിൽ തുടിക്കുന്ന ഓർമകൾ ബാക്കി വെച്ച് അകാലത്തിൽ വിട പറഞ്ഞ അബ്ദുല്ല കാരാത്തോടിന് ആയിരങ്ങളുടെ പ്രാർഥനാ മൊഴി. ഈ മാസം ഒന്നു മുതൽ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ഉണർത്തുജാഥയിലെ സ്ഥിരാംഗമായിരുന്നു കർമധീരനായ മുന്നണിപ്പോരാളി. ജാഥ കഴിഞ്ഞ് മടങ്ങുംവഴി തന്റെ ആയുസ് കാലത്തിന്റെ മുഴുസമയവും വിനിയോഗിച്ച പ്രസ്ഥാന വഴിയിൽ തന്നെയായിരുന്നു വിയോഗവും. പ്രസ്ഥാന വഴിയിൽ ഇറങ്ങിയ ശേഷം ഈ കർമയോഗി സ്വന്തം കട്ടിലിലുറങ്ങിയത് അപൂർവമായിരുന്നു. എസ് എസ് എഫിന്റെ ഫിത്‌യതുസ്സദാദ്, അൽ ഇസ്വാബ സംഘങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സംഘടനാ പ്രവർത്തകർക്കിടയിൽ ഏകാംഗ പ്രകടനങ്ങൾക്ക് ആവേശത്തിന്റെ കൊടി പിടിച്ചതും അബ്ദുല്ല തന്നെ. പിരിവിനിറങ്ങുമ്പോഴും നിറപുഞ്ചിരിയോടെ കലക്ഷൻ നടത്തുന്ന അബ്ദുല്ലയുടെ മുഖം മറക്കാനാകില്ല. സംഘടനാ പ്രവർത്തനത്തിനായി നോട്ടീസൊട്ടിച്ചും ബാനർ കെട്ടിയും രംഗത്തുണ്ടായിരുന്ന അബ്ദുല്ല ഇടവേളയിൽ ലഭിക്കുന്ന സമയം പള്ളികളിലും പ്രസ്ഥാന കാര്യാലയങ്ങളിലുമാണ് ചെലവിട്ടത്. നിറപുഞ്ചിരിയുടെ ആദർശ വഴിയിൽ സഞ്ചരിച്ച ഈ കർമയോഗി സംഘാടകർക്ക് വലിയൊരു പാഠം നൽകിയാണ് യാത്രയായത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 26 വയസ്സായിരുന്നു. പിതാവ് അലവിക്കുട്ടി, മാതാവ് നഫീസ, ഭാര്യ സഫീന, മകൾ ഫാത്തിമ ശമീന.
മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി നേതൃത്വം നൽകി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, ഇ സുലൈമാൻ മുസ്ലിയാർ, സി പി സൈതലവി, എൻ അലിഅബ്ദുല്ല, അലവി സഖാഫി കൊളത്തൂർ, പി എം മുസ്തഫ കോഡൂർ, കെ ടി ത്വാഹിർ സഖാഫി, ആർ പി ഹുസൈൻ, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, എ കെ ശശീന്ദ്രൻ എം എൽ എ, മുൻമന്ത്രി എ സി ഷൺമുഖദാസ്, പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു പരേതന്റെ വസതി സന്ദർശിച്ചു. മയ്യിത്ത് കാരാതോട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഫോട്ടോ :ഫഹദ് ഇരുമ്പുഴി
No comments:
Post a Comment