സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Friday, May 7, 2010

പ്രസ്ഥാനത്തിന്‌വേണ്ടി ജീവിച്ച എസ്.എ റഹ്‌മാൻ



മലപ്പുറം: സമുദായത്തിനും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എസ്‌ എ റഹ്മാന്റെ വിയോഗം ഇനിയും ഉൾകൊള്ളാൻ അടുത്തറിയുന്നവർക്കും ബന്ധുക്കൾക്കുമായിട്ടില്ല. ബന്ധുവിനെ വിദേശത്തേക്ക്‌ യാത്രയാക്കി നെടുമ്പാശേരിയിൽ നിന്നും മടങ്ങും വഴി കോട്ടക്കൽ പാലത്തറയിൽ വെച്ചുണ്ടായ അപകടത്തിലാണ്‌ എസ്‌ വൈ എസ്‌ ജില്ലാ കൗൺസിൽ അംഗമായ അരീക്കോട്‌ പൂവ്വത്തിക്കൽ സ്രാമ്പിയൻ അബ്ദുർറഹ്‌മാൻ (40) എന്ന എസ്‌ എ റഹ്‌മാൻ മരണപ്പെട്ടത്‌.

ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ്‌ ഇതുവഴി സർവീസ്‌ നടത്തുന്ന സ്വകാര്യ ബസിന്‌ പുറകിലിടിക്കുകയായിരുന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും പ്രസ്ഥാനത്തിനൊപ്പം നടന്ന റഹ്‌മാൻ സമുദായ സേവനത്തിനിടയിൽ ജീവിക്കാൻ മറന്ന പ്രാസ്ഥാനിക രംഗത്തെ അപൂർവ പ്രതിഭാശാലിയായിരുന്നു. പ്രാസംഗികനും മികച്ച സംഘാടകനുമായ റഹ്മാൻ രിസാല ഉൾപ്പെടെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെ ആദ്യകാല എഴുത്തുകാരനായിരുന്നു. ഏറനാട്‌ താലൂക്ക്‌ എസ്‌ എസ്‌ എഫിന്റെ അവസാന പ്രസിഡന്റായിരുന്ന ഇദ്ദേഹം പിന്നീട്‌ എസ്‌ വൈ എസ്‌ ഘടകങ്ങളിൽ സജീവ സാന്നിധ്യമാകുകയായിരുന്നു. ജോലി ആവശ്യാർഥം വിദേശത്ത്‌ പോയ റഹ്മാൻ 2005ൽ തിരിച്ചു വന്നതിന്‌ ശേഷം വീണ്ടും തന്റെ പ്രവർത്തനഗോദയിൽ ചുവടുറപ്പിക്കുകയായിരുന്നു. തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ പ്രധാന ശിഷ്യരിൽ ഒരാളുമാണ്‌. എസ്‌ വൈ എസ്‌ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ സെക്രട്ടറി, പൂവ്വത്തിക്കൽ നുസ്‌റത്തുൽ ഇസ്ലാം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഈ മാസം ഒൻപതിന്‌ നടക്കുന്ന എസ്‌ വൈ എസ്‌ ഊർങ്ങാട്ടിരി പഞ്ചായത്ത്‌ ആദർശസമ്മേളനത്തിന്റെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ്‌ ഇദ്ദേഹം വിട പറഞ്ഞത്‌. ഇന്ന്‌ നടക്കേണ്ട ബൈക്ക്‌ റാലിയുൾപ്പെടെയുള്ള സമ്മേളന അനുബന്ധ പ്രവർത്തനങ്ങൾ ഈ കാര്യദർശി ചിട്ടയോടെ ക്രമീകരിച്ചിരുന്നു. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ മരണ വിവരമറിഞ്ഞ്‌ എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, കോട്ടക്കൽ മേഖലാ സെക്രട്ടറി മുഹമ്മദ്‌ ക്ളാരി എന്നിവരുടെ നേതൃത്വത്തിൽ നിരവധി എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ പ്രവർത്തകരാണ്‌ എത്തിയത്‌. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കൊണ്ടു വന്നപ്പോഴും ആശുപത്രി പരിസരത്ത്‌ നിരവധി സുന്നി പ്രവർത്തകരാണ്‌ തടിച്ചു കൂടിയത്‌. എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റർ, മജീദ്‌ കക്കാട്‌, മുഹമ്മദ്‌ പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, വടശ്ശേരി ഹസ്സൻ മുസ്ലിയാർ, കെ ടി ത്വാഹിർ സഖാഫി, എളങ്കൂർ സയ്യിദ്‌ മുത്തുക്കോയ തങ്ങൾ പരേതന്റെ വസതി സന്ദർശിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചൂളാട്ടിപ്പാറ സുന്നി ജുമുഅ മസ്ജിദ്‌ ഖബർ സ്ഥാനിൽ മറവ്‌ ചെയ്തു. കെ പി എച്ച്‌ തങ്ങൾ മയ്യിത്ത്‌ നിസ്കാരത്തിന്‌ നേതൃത്വം നൽകി. ചെമ്മാട്‌ ടൗൺ സുന്നി മസ്ജിദിൽ നടന്ന മയ്യിത്ത്‌ നിസ്കാരത്തിന്‌ പൊന്മള മൊയ്തീൻകുട്ടി മുസ്ലിയാർ നേതൃത്വം നൽകി.

06/05/2010

1 comment: