സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, May 11, 2010

മർകസ് പ്രസിഡന്റ്‌ സയ്യിദ്ഫസൽ അൽ ജിഫ്‌രി ‌വഫാത്തായി


കോഴിക്കോട്‌: കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡന്റ്‌ സയ്യിദ്ഫസൽ അൽ ജിഫ്‌രി പുലർച്ചെ 4:30ന്‌വഫാത്തായി


കോഴിക്കോട്: പ്രമുഖ പണ്ഡിതനും മര്‍കസ് പ്രസിഡന്റും മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് ശിഹാബ് അല്‍ ജിഫ്രി (81) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് 5 മണിക്ക് കോഴിക്കോട് നടക്കും. സയ്യിദ് ഫള്ലുബ്നു മുഹമ്മദ് ശിഹാബ് അല്‍ ജിഫ്രി എന്നാണ് നാമം. 1928 ആഗസ്റ് 5ന് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ മകനായി ജനിച്ച ഫസല്‍ തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് മദ്റസത്തുല്‍ ജിഫ്രിയ്യ, ഗണപതി ഹൈസ്കൂള്‍, മദ്റസത്തുല്‍ മുഹമ്മദിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അയ്യിപ്ര കുഞ്ഞഹമ്മദ് മുസ്ലിയാര്‍, മുഹമ്മദലി മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോഴിക്കോട് എന്നിവര്‍ ഉസ്താദുമാരാണ്. 1962 മുതല്‍ പൊതു പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്ത തങ്ങള്‍ മഊനത്തുല്‍ ഇസ്ലാം സഭ, തര്‍ബിയതുല്‍ ഇസ്ലാം സഭ എന്നിവയുടെ വൈസ് പ്രസിഡന്റായും കോഴിക്കോട് ഖാസി കമ്മിറ്റി പ്രസിഡന്റായും കോഴിക്കോട് ഉമറാ കമ്മിറ്റി ചെയര്‍മാനായും ഹജ്ജ് കമ്മിറ്റി മെമ്പറായും തൌഫീഖ് പബ്ളിക്കേഷന്‍സിന്റെ വൈസ് പ്രസിഡന്റായും സുന്നത്ത് മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

മൂന്ന് നൂറ്റാണ്ട് മുമ്പ് യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കേരളത്തിലെത്തിയ ജിഫ്രി സയ്യിദ് വംശത്തിലെ പ്രധാന കണ്ണിയാണ് സയ്യിദ് ഫസല്‍ ജിഫ്രി. കുറ്റിച്ചിറ ജിഫ്രിഹൌസിന് സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ ഇസ്ലാമിക സംഘ മുന്നേറ്റ ചരിത്രത്തിലും നിര്‍ണ്ണായക സ്വധീനമുണ്ട്. ജിഫ്രി ഹൌസിന്റെ അവസാന സാരഥിയായിരുന്നു ഫസല്‍ തങ്ങള്‍. കോഴിക്കോട് സിറ്റി എസ് വൈ എസിന്റെ പ്രസിഡന്റായി സംഘടനാ രംഗത്തെത്തിയ തങ്ങല്‍ പിന്നീട് താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എസ് വൈ എസ് ഉപാധ്യക്ഷനായിരുന്നു. 1990 മുതല്‍ 1994 വരെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു.

1978ല്‍ മര്‍കസ് സ്ഥാപിക്കുമ്പോള്‍ തന്നെ അതിന്റെ കമ്മിറ്റി അംഗമായിരുന്ന തങ്ങള്‍ പിന്നീട് വൈസ് പ്രസിഡന്റും ഒടുവില്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമയി വളര്‍ന്ന മര്‍കസിന്റെ വളര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരോടൊപ്പം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സുന്നി സംഘടനകള്‍ക്ക് ഓഫീസില്ലാതിരുന്ന കാലത്ത് കോഴിക്കോട് തങ്ങള്‍സ് റോഡിലെ ജിഫ്രി ഹൌസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിര്‍ണായക യോഗങ്ങളും ജിഫ്രി ഹൌസിലാണ് ചേര്‍ന്നത്. നിലവിലുള്ള നേതാക്കള്‍ക്ക് പുറമെ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരടക്കമുള്ള എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് നടന്ന ദുബൈ മര്‍കസ് ഉദ്ഘാടന ചടങ്ങില്‍ തങ്ങള്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ മത സാംസ്കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിനു കനത്ത നഷ്ടമാണ്. മരണ വിവരമറിഞ്ഞയുടനെ കോഴിക്കോട് ജിഫ്രി ഹൌസിലേക്ക് ജനപ്രവാഹം തുടങ്ങി. ഖദീജമുല്ല ബീവിയാണ് ഭാര്യ. സയ്യിദ് ഹാശിം ശിഹാബ്, സയ്യിദ് ജഅ്ഫര്‍ ശിഹാബ്, ശരീഫ ഹഫ്സ, സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് അനസ് ശിഹാബ്, സയ്യിദ് സിറാജ് ശിഹാബ്, സയ്യിദ് നൌഫല്‍ ശിഹാബ്, സയ്യിദ് സഹല്‍ ശിഹാബ് എന്നിവര്‍ മക്കളാണ്. ഈജിപ്തിലായിരുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട്ടെത്തി. വൈകിട്ട് 4ന് മിസ്കാല്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നിസ്കാരം നടക്കും. തുടര്‍ന്ന് ജിഫ്രി ഹൌസില്‍ തങ്ങല്‍ അന്ത്യ വിശ്രമം കൊള്ളും.

സയ്യിദ് ഫസല്‍ തങ്ങളുടെ വിയോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി, സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്ലിയാര്‍, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

http://www.ssfmalappuram.com/

6 comments:

  1. കോഴിക്കോട്‌: കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡന്റ്‌ സയ്യിദ്ഫസൽ അൽ ജിഫ്‌രി പുലർച്ചെ 4:30ന്‌വഫാത്തായി

    ReplyDelete
  2. നഷ്ടപ്പെട്ടത് ത്യാഗിയായൊരു സഹ പ്രവര്‍ത്തകനെ: നുറുല്‍ ഉലമ

    ദേളി: സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്ത കര്‍മോത്സുകനായ ഒരു നേതാവിനെയാണ് സയ്യിദ് ഫസല്‍ ജിഫ്രി തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ിയാര്‍ അഭിപ്രായപ്പെട്ടു. എസ്.വൈ.എസ,് വിദ്യാഭ്യാസ ബോര്‍ഡ് തുടങ്ങിയവയിലെല്ലാം തങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണായിട്ടുണ്ട്. നിസ്വാര്‍ഥ പ്രവര്‍ത്തകനായിരുന്നു തങ്ങള്‍. സമസ്തയുടെ പല സംഘടനകളുടെയും വിജയത്തില്‍ തങ്ങളുടെ അധ്വാനവും സമ്പത്തും ഉണ്ടായിരുന്നു.

    ReplyDelete
  3. ഇന്ന് രാ‍ത്രി 9 മണിക്ക് ദുബൈ മർകസ് ആസ്ഥാനത്ത് മയ്യിത്ത് നിസ്കാരവും ദുആ മജ്ലിസും ഉണ്ടായിരിക്കും

    ReplyDelete
  4. ഇന്നാലില്ലാഹി വ‌ഇന്നാ ഇലൈഹി റാജിഉഊന്‍..........
    പ്രസ്ഥാനതിനും സമൂഹത്തിനും താങ്ങും തണലുമായിരുന്ന മഹാമനീഷിയുടെ വിയോഗം കനത്ത നഷ്ടം തന്നെ.
    അല്ലാഹു അവിടത്തെ പദവികള്‍ വര്‍ധിപ്പിച്ച് കൊടുക്കട്ടെ ആമീന്‍.

    ReplyDelete
  5. രണ്ട് ആശ്ച മുന്നെ മുസ്വഫയിൽ ഒരു സ്വലാത്ത് മജ്‌ലിസിൽ വെച്ച് ജിഫ്രി തങ്ങളെ കണ്ടിരുന്നു. അന്ന് വളരെ പ്രസന്നവദനായി കണ്ട തങ്ങൾ ഇന്ന് നമ്മെ വിട്ട് വിടപറഞ്ഞിരിക്കുന്നു .ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹ് റാജിഊൻ. അല്ലാഹു നമ്മെയും അവരോടൊപ്പം നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ

    ReplyDelete
  6. ആരുടെ മുന്നിലും ആദർശം പണയം വെക്കാത്ത ധീ‍ര നേതാവ്.ഈ സമുദായത്തിന്റെ ഇസ്സത്ത് ഉയർത്താൻ യത്നിച്ച കർമ്മയോഗി. മഹാനുഭാവന്റെ വിയോഗത്തിൽ ഏറ്റവും ദു:ഖത്തോടെ പ്രാർത്ഥനയോടെ

    ReplyDelete