സബ്ജക്റ്റ് ലൈനിൽ ‘വിയോഗം’ എന്ന് എഴുതി വിയോഗ വാർത്തകൾ prachaarakan@gmail.com എന്ന ഇ-മെയിലിൽ അയക്കുക.

Tuesday, May 11, 2010

ഒരു യുഗത്തിന്റെ അന്ത്യം -(സയ്യിദ്‌ ഫസൽ ജിഫ്രി സ്മരണ)


സ്മരണ / പി.ബി.ബഷീ‍ർ പുളിക്കൂർ

സയ്യിദ്‌ ഫസൽ ജിഫ്രി തങ്ങളുടെ വിയോഗം: ഒരു യുഗത്തിന്റെ അന്ത്യം

പ്രമുഖ പണ്ഡിതനും മർകസ്‌ പ്രസിഡന്റുമായ സയ്യിദ്‌ ഫസൽ ശിഹാബ്‌ പൂക്കോയ തങ്ങൾ ജിഫ്‌രിയുടെ വിയോഗത്തിലൂടെ കോഴിക്കോടിന്‌ നഷ്ടപ്പെട്ടത്‌ ഒരു കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന ഒരു മഹാ മനീഷിയെ. കോഴിക്കോടിന്റെ ഇസ്ലാമിക പ്രതാപത്തിൽ പ്രധാന കണ്ണിയായ ജിഫിരി ഖബീലയുടെ മൂന്ന്‌ നൂറ്റാണ്ട്‌ നീണ്ട സേവനങ്ങളുടെയും പടയോട്ടങ്ങളുടെയും ചൂടും ചൂരും മനസ്സിൽ സൂക്ഷിച്ച്‌ ഒരു കാരണവരുടെ റോളിൽ കോഴിക്കോടിനെ നയിച്ച തങ്ങൾ വിട ചൊല്ലുമ്പോൾ എല്ലാ അർത്ഥത്തിലും നികത്താനാവാത്ത വിടവായാണ്‌ സമൂഹത്തിന്‌ അനുഭവപ്പെടുന്നത്‌.

മൂന്ന്‌ നൂറ്റാണ്ട്‌ മുമ്പ്‌ യമനിലെ ഹളർ മൗത്തിൽ നിന്നും കേരളത്തിലെത്തിയ ജിഫ്‌രി സയ്യിദ്‌ വംശത്തിലെ പ്രധാന കണ്ണിയാണ്‌ സയ്യിദ്‌ ഫസൽ ജിഫ്‌രി. കുറ്റിച്ചിറ ജിഫ്‌രി ഹൗസിന്‌ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ ഇസ്‌ ലാമിക സംഘമുന്നേറ്റ ചരിത്രത്തിലും നിർണായക സ്വാധീനമുണ്ട്‌. കാലങ്ങളായി മുസ്ലിം സമൂഹത്തിന്റെ ഒരു കോടതിയായി പ്രവർത്തിച്ച ജിഫ്‌രി ഹൗസിന്റെ അവസാനത്തെ സാരഥിയായിരുന്നു ഒരർത്ഥത്തിൽ ഫസൽ തങ്ങൾ. 1928 ൽ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്​‍്​‍്‌രി തങ്ങളുടെ മകനായി ജനിച്ച്‌ ഫസൽ തങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ പൊതുരംഗത്ത്‌ വരികയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുകയും ചെയ്തു. . സ്വാതന്ത്യത്തിനു ശേഷവും കോൺഗ്രസ്‌ പ്രവർത്തന രംഗത്ത്‌ സജീവമായിരുന്ന തങ്ങൾ കുറഞ്ഞ കാലം മുസ്ലിം ലീഗിലും പ്രവർത്തിച്ചിരുന്നു. പാണക്കാട്‌ തങ്ങളുമായി കുടുബ ബന്ധമുള്ള തങ്ങൾ ശിഹാബ്‌ തങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു.

കോഴിക്കോട്‌ സിറ്റി എസ്‌.വൈ.ഏശിന്റെ പ്രസിഡന്റായി സുന്നി പ്രവർത്തന ഗോദയിൽ സജീവമായതോടെ രാഷ്ട്രീയ രംഗം ഉപേക്ഷിക്കുകയും ജീവിതം പൂർണമായും സുന്നി സംഘടനാ മുന്നേറ്റത്തിന്‌ വിനിയോഗിക്കുകയും ചെയ്തു. ഏശി.വൈ.എസ്‌ താലൂക്ക്‌ പ്രസിഡന്റ്‌, കോഴിക്കോട്‌ ജില്ലയുടെ പ്രഥമ പ്രസിഡന്റ്‌ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച തങ്ങൾ ദീർഘകാലം എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാധ്യക്ഷണായിരുന്നു. വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌.

1978 ൽ മർകസ്‌ സ്ഥാപിക്കുമ്പോൾ തന്നെ അതിന്റെ കമ്മറി അംഗമായിരുന്ന അദ്ദേഹം പിന്നീട്‌ വൈസ്‌ പ്രസിഡന്റും ഒടുവിൽ പ്രസിഡന്റുമായി പ്രവർത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമായി മാറിയ മർകസിന്റെ വളർച്ചയിൽ കാന്തപുരം എ.പി അബൂബകർ മുസ്ലിയാരോടൊപ്പെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

1990 മുതൽ 1994 വരെ കേരള വഖഫ്‌ ബോർഡ്‌ ചെയർമാനെന്ന നിലയിലും മാതൃകാ പ്രവർത്തനം കാഴ്ച വെച്ചു. .

സുന്നീ സംഘടനകൾക്ക്‌ ഓഫീസില്ലാതിരുന്ന കാലത്ത്‌ കോഴിക്കോട്‌ കുറ്റിച്ചിറയിലെ ജിഫ്‌രി ഹൗസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിർണായക യോഗങ്ങളും ജിഫ്‌ രി ഹൗസിലാണ്‌ ചേർന്നത്‌. ജിഫ്രി ഹൗസിലെത്താത്ത നേതാക്കൾ വിരളമായിരിക്കും. കോഴിക്കോട്‌ ഖാസിമാരുടെ തെരെഞ്ഞെടുപ്പിലെല്ലാം ഒരു മധ്യസ്ഥന്റെ റോളിൽ തങ്ങളുണ്ടായിരുന്നു.

ശംസുൽ ഉലമയുമായി അടുത്ത ബന്ധം കാരണം പല സ്റ്റേജുകളിലും ഒന്നിച്ച്‌ പങ്കെടുക്കുമായിരുന്നു. ശരീഅത്ത്‌ വിവാദ കാലത്ത്‌ മുതലക്കുളം സമ്മേളനത്തിൽ ബിദ്‌അത്തുകാർക്ക്‌ അനുകൂലമാകുന്ന നിലയിൽ ശംസുൽ ഉലമ മൗനം പാലിച്ചതു വേദിയിൽ ഒപ്പമുണ്ടായിരുനന തങ്ങൾക്ക്‌ പിടിച്ചില്ല. എസ്‌.വൈ.എസ്സിന്റെ എറണാകുളം സമ്മേളനം നിർത്തി വെക്കാൻ ശംസുൽ ഉലമയുടെ പേരിൽ കോഴിക്കോട്‌ ലീഗ്‌ ഹൗസിൽ നിന്ന്‌ കത്ത്‌ വരുന്ന സാഹചര്യം കൂടിയായപ്പോൾ തങ്ങളിലെ ആദർശ പോരാളി ഉണർന്നെണീറ്റു. താജുൽ ഉലമയ്ക്കും കാന്തപുരം ഉസ്താദിനും ശക്തമായ പിന്തുണയുമായി കേരളമൊന്നാകെ പടയോട്ടം നടത്തുകയായിരുന്നു പിന്നീട്‌ ഫസൽ തങ്ങൾ. എറണാകുളം സമ്മേളന വിജയത്തിൽ തങ്ങളുടെ ഹിമ്മത്ത്‌ കൂടി ഒരു കാരണമായിട്ടുണ്ട്‌.

ആരോഗ്യം മോശമായിട്ടും കഴിഞ്ഞ നാളുകളിൽ സംഘടനാ വേദികളെ ധന്യമാക്കാൻ തങ്ങൾ ഓടിയെത്തുമായിരുന്നു. മാർച്ച്‌ അവസാനം കോഴിക്കോട്‌ ജൂബിലി ഇസ്ലാമിക്‌ സെന്ററിൽ നടന്ന എസ്‌.വൈ.എസ്‌ സംസ്ഥാന കൊൺസിലേഴ്സ്‌ ക്യാമ്പിന്റെ പതാക ഉയർത്തുകയും പ്രവർത്തകരെ ആശിർവദിക്കുകയും ചെയ്തിരുന്നു. സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമ്മേളങ്ങളിലും പ്രധാന ചടങ്ങുകളിലുമെല്ലാം തങ്ങള്ളുടെ സാന്നിദ്ധ്യം അനുഗ്രഹീതമായിരുന്നു. ഇനി അതെല്ലാം ഒരു ഓർമ മാത്രം.

കുറ്റിച്ചിറയിലെ ജിഫ്രി ഹൗസിൽ തങ്ങളുടെ ചിരിക്കുന്ന മുഖം നേരിൽ ദർശിക്കാൻ ഇനി കേരളീയ സമൂഹത്തിന്‌ ഭാഗ്യം ലഭിക്കില്ലെങ്കിലും തങ്ങളുടെ അന്ത്യ വിശ്രമ സങ്കേതം ജിഫ്‌റി ഹൗസ്‌ തന്നെയാകും. പതിനായിരങ്ങളുടെ അന്ത്യോപചാരം ഏറ്റ്‌ വാങ്ങി ഫസൽ തങ്ങൾ ഇലാഹീ സവിധത്തിലേക്ക്‌ യാത്രയാകുന്നു. അവിടുത്തോടൊപ്പം നാളെ സ്വർഗീയാരാമത്തിൽ ഒരുമിക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടാവട്ടെ. ആമീൻ!

www.ssfmalappuram.com

No comments:

Post a Comment